D
E
P
A
Depa

ദലിത് എംപ്ലോയിസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

കാഴ്ചപ്പാടും ദൗത്യവും

ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം ദൈര്‍ഘ്യമുണ്ട് കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രത്തിന്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആരംഭിക്കുന്ന കേരളത്തിലെ ദലിത് മുന്നേറ്റങ്ങള്‍ സങ്കീര്‍ണമായ നിരവധി ചരിത്രഘട്ടങ്ങളിലൂടെ വിവിധങ്ങളായ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് വികസിച്ചിട്ടുള്ളത്. ജാതിവ്യവസ്ഥയുടെ തീട്ടുരങ്ങള്‍ക്കുനടുവില്‍ ദലിത് സമൂഹം അനുഭവിച്ചിരുന്ന ഒട്ടനവധി ജീവല്‍പ്രശ്‌നങ്ങളെ അതിന് അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു എന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള അധഃസ്ഥിതരുടെ അടിസ്ഥാന പൗരാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തികൊണ്ട് കാലഘട്ടത്തിന്റ അനിവാര്യതയായി വികസിച്ച അധഃസ്ഥിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ അവയുടെ പ്രാരംഭഘട്ടത്തില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും ഉദ്യോഗസംവരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുകളും അനന്യമായിരുന്നു. കീഴാളരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച കേരളത്തിലെ അധഃസ്ഥിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴില്‍ സുരക്ഷയ്ക്കും കൃഷിഭൂമിയ്ക്കും വേണ്ടി നടത്തിയ കലാപങ്ങളും ചരിത്രപ്രസിദ്ധങ്ങളായിരുന്നു.

നിയതാര്‍ഥത്തില്‍ ദലിത്പക്ഷത്തു നിന്നുണ്ടായ നിര്‍ണായകമായ ഇത്തരം ഇടപെടലുകളായിരുന്നു ആധുനിക കേരളത്തിന്റെ സാമൂഹിക പുനഃസംഘാടനത്തിനു വഴിയൊരുക്കിയത്. മഹാത്മ അയ്യന്‍കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെയും മറ്റും ധൈഷണികമായ നേതൃപാടവത്തില്‍ കേരളത്തിലെ ദലിതര്‍ തങ്ങള്‍ ഒരു സമുദായമാണെന്ന അവബോധത്തില്‍ അടിയുറച്ചു നിന്ന് പോരാടിയതുകൊണ്ടായിരുന്നു നമ്മുടെ മുന്‍തലമുറക്കാര്‍ക്ക് കാലഘട്ടത്തിന്റെ വെല്ലുവിൡളെ കുറച്ചെങ്കിലും അതിജീവിച്ച് ചരിത്രത്തില്‍ അവരുടെ ഇടപെടലുകള്‍ അടയാളപ്പെടുത്താനായത്.

മഹാത്മ അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ജോസഫ്, കെ.പി. വള്ളോന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ സാമുദായിക നവോഥാന ശില്പികള്‍ നേതൃത്വം നല്‍കിയ നവോഥാന പ്രസ്ഥാനങ്ങളുടെ ആശയധാരകളെ പിന്‍പറ്റി വികസിച്ച നവ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് ദലിതരുടെ അവകാശപോരാട്ടങ്ങളില്‍ സൈദ്ധാന്തികവും സംഘടനാപരവുമായി ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിലെ ദലിതേതര സമുദായങ്ങളെപ്പോലെ സാമുദായിക വിഭാഗീയതകള്‍ക്കതീതമായി ദലിതരെ ഒരു സാമുദായിക-രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഇപ്പോഴും ഒരു യാഥാര്‍ഥ്യമായി നിലനില്ക്കുന്നുണ്ട്. ഇപ്പോഴും ഒരു പ്രക്ഷോഭ സമരമുന്നേറ്റമായി തുടരുന്ന ആധുനിക ദലിത് പ്രസ്ഥാനങ്ങള്‍ സമുദായത്തിന്റെ സാമൂഹിക പുരോഗതിയെയും സാമ്പത്തിക വികസനത്തെയും ഒരു ചര്‍ച്ചാ വിഷയമായിപോലും അവയുടെ അജണ്ടകളില്‍ ഇടം നല്‍കുന്നില്ല എന്നത് അത്യന്തം വിസ്മയാവഹമാണ്. തത്ഫലമായി സമുദായത്തിന് അതിന്റെ വിഭവശേഷിയെ സമുദായത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രായോഗികമായി പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരികയും സമുദായം ഒന്നടങ്കം വികസനമുരടിപ്പിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മാത്രമല്ല വേണ്ടത്ര ദിശാബോധമോ ആശയപരമായ വ്യക്തതയോ ചരിത്രബോധമോ സ്വത്വബോധമോ പങ്കുവയ്ക്കാനില്ലാത്ത ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ദലിതരെ തങ്ങള്‍ കേവലം ഒരു സംവരണാശ്രിത സമുദായമാണെന്ന മിഥ്യാധാരണയില്‍ തളച്ചിടാനും വഴിയൊരുക്കിയിട്ടുണ്ട്. തന്മൂലം തങ്ങള്‍ സംവരണത്തെ മാത്രം ആശ്രയിച്ച് അതിജീവനം സാധ്യമാക്കേണ്ട ജനവിഭാഗമാണെന്നും എക്കാലവും സംവരണം തങ്ങളുടെ നിലനില്പ്പിനെ പിന്തുണയ്ക്കുമെന്നുമുളള ഒരു വിശ്വാസം സമുദായത്തിനുള്ളില്‍ വേരുറയ്ക്കുകയും ചെയ്തു. ഇത്തരമൊരു വിശ്വാസം അഥവാ തെറ്റിധാരണ സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കും സാമ്പത്തിക വികസനത്തിനും ഏല്പിച്ച പ്രതിബന്ധങ്ങളുടെ വ്യാപ്തിയും ആഴവും ചെറുതല്ല.

സംവരാണാശ്രിതത്വത്തിന് പുറത്ത് സ്വയാ ശ്രയ വികസനബോധത്തില്‍ ഊന്നിയ സമുദായത്തിന്റെ വികസന സങ്കല്പങ്ങളുടെയും അത്തരത്തിലുള്ള ചിന്തകളുടെയും നിരാകരണമായിരുന്നു മുന്‍ചൊന്ന ധാരണ സൃഷ്ടിച്ച ഏറ്റവും വലിയ ദുരന്തം. സംവരണാശ്രിതത്വത്തിന് പുറത്ത് മറ്റൊരു ജീവിതം അസാധ്യമാണെന്ന വിശ്വാസം ഇതോടെ സമുദായത്തിനുള്ളില്‍ ശക്തിയാര്‍ജിച്ചു. ഇതിലൂടെ ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദായം ആര്‍ജിച്ച മാനവികവും സാമ്പത്തികവുമായ വിഭവശേഷിയെ നിര്‍ണയിക്കാനോ സമുദായത്തിന്റെ പുരോഗതിക്കായി പ്രസ്തുത വിഭവശേഷിയെ പ്രയോജനപ്പെടുത്താനോ കഴിയാതെ വരികയും ചെയ്തു. സ്ഥാപനവത്കരണത്തിന്റെ വികസനപരിസരങ്ങളില്‍ നിന്നുള്ള സമുദായത്തിന്റെ എന്നന്നേക്കുമുള്ള പുറന്തള്ളലായിരുന്നു ഈ ധാരണ സൃഷ്ടിച്ച മറ്റൊരു ദുരന്തം. കേരളത്തിലെ ദലിതേതര സമുദായങ്ങള്‍ കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ക്കനുസൃതമായി കൃഷി, വിദ്യാഭ്യാസം, കച്ചവടം, വ്യവസായം, സ്ഥാപനവത്കരണം വിദേശമൂലധനസമാഹരണം എന്നിവയിലൂടെ സ്വയാശ്രയബോധത്തോടെ വികസനത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയപ്പോള്‍ ദലിതര്‍ക്ക് ഇക്കാലമത്രയും വികസനത്തിന്റെ പിന്നാമ്പുറങ്ങളില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ടിവന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.

സമുദായ വിഭവശേഷി

കേരളത്തിലെ മറ്റേതൊരു സമുദായത്തെയും പോലെ മാനവിക വിഭവശേഷിയാല്‍ സമ്പന്നമായൊരു ജനവിഭാഗമാണ് കേരളജനസംഖ്യയില്‍ 20 ശതമാനത്തോളം ദലിതര്‍. ആധുനിക കേരളീയ സമൂഹത്തില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദലിത് സമുദായത്തിലെ നിരക്ഷരതയെ വലിയൊരളവില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും നല്ലൊര ശതമാനം പേര്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും അവസരമൊരുക്കി. തത്ഫലമായി കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദായത്തില്‍ നിന്നും അദ്ധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ.എ.എസുകാര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക് ഓഫീസര്‍മാര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങി വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഥവാ തൊഴില്‍ ചെയ്യുന്ന പതിനായിരക്കണക്കിന് സമുദാംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇന്ന് സര്‍ക്കാര്‍ മേഖല ഉള്‍പ്പെടെയുളള എല്ലാ തൊഴില്‍ രംഗങ്ങളിലും ദലിതരുടെ സാന്നിധ്യം നാമമാത്രമായെങ്കിലും പ്രകടമാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കുകയും അങ്ങനെ വിവിധ തൊഴില്‍ രംഗങ്ങളില്‍ പ്രവേശിച്ച് ഏറെക്കുറെ ജീവിതം സുരക്ഷിതമാക്കുകയും മറ്റൊരു ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്ത വളരെ ചെറിയൊരു ന്യൂനപക്ഷമാണ് വര്‍ത്തമാനകാലഘട്ടത്തില്‍ സമുദായത്തിന്റെ സാമ്പത്തിക-ബൗധിക വിഭവശേഷിയെ പ്രതിനിധാനം ചെയ്യുന്നത്. ഇവരാണ് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ച് ദലിതര്‍ക്ക് മെച്ചപ്പെട്ടൊരു ജീവിതം സാധ്യമാണെന്ന് സമുദായത്തെ ബോധ്യപ്പെടുത്തിയത്. കേവലം ‘മൈക്രോസ്‌കോപിക് മൈനോറിറ്റി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം സമുദായംഗങ്ങളും പുരോഗതിയുടെയും വികസനത്തിന്റെയും പിന്നാമ്പുറങ്ങളില്‍ നിരക്ഷരതയുടെയും അജ്ഞതുടെയും പിടിയിലമര്‍ന്ന് പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങി ജീവിതം തള്ളിനീക്കുന്നവരാണെന്ന് കാണാം.

കാര്‍ഷിക മേഖലയുടെയും തോട്ടം മേഖലയുടെയും തകര്‍ച്ചയുടെ ആഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നതും ദലിതരായിരുന്നല്ലോ. ഭൂപരിഷ്‌കരണം ദലിതരെ കൃഷിഭൂമിയില്‍ നിന്നും അന്യവത്കരിക്കപ്പെടുക മാത്രമല്ല അവരെ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും ആട്ടിയോടിക്കുക കൂടി ചെയ്തു. ഒരു സാമ്പത്തിക വിഭവം എന്ന നിലയില്‍ സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്ന സമുദായങ്ങളായിരുന്നല്ലോ സ്വാതന്ത്ര്യാനന്തര കേരളത്തില്‍ സംജാതമായ സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വികസനത്തിന്റെയും ഗുണഭോക്താക്കളായി മാറിയത്. എന്നാല്‍ ഒരു മൂലധനം എന്ന നിലയില്‍ പാരമ്പര്യമായി സ്വന്തം കൃഷിഭൂമിയില്ലാതിരുന്ന ദലിതരില്‍ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ജന്മിത്തവും ജാതിമേധാവിത്വവും സൃഷ്ടിച്ച പ്രതിസന്ധികളെ സാഹസികമായി മറികടന്ന് വിദ്യാഭ്യാസം നേടാനും അതുവഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് ജീവിതാവസ്ഥയെ കുറച്ചെങ്കിലും പുനഃസംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്. നിയതാര്‍ഥത്തില്‍ ദലിത് സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരെയും പട്ടിണിപ്പാവങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു ഈ ചെറിയ വിഭാഗം സമൂഹത്തിന്റ മുഖ്യധാരയിലേക്ക് പ്രവേശിച്ചത്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലഘട്ടത്തില്‍ സമുദായം നേരിടുന്ന വെല്ലുവിളകളെ വിശകലനം ചെയ്യാനും സമുദായത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും കൈപിടിച്ചുയര്‍ത്താനുമുള്ള ധാര്‍മിക ഉത്തരവാദിത്വം സമുദായത്തിലെ വിദ്യാഭ്യാസസമ്പന്നരും ഉദ്യോഗസ്ഥരും ഏറ്റെടുക്കേണ്ടതുണ്ട്.

സാമുദായിക പരിഷ്‌കരണത്തില്‍ കേന്ദ്രീകൃതമായി വികസിച്ച കേരളത്തിലെ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് അതാത് സമുദായങ്ങളിലെ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും നല്‍കിയ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. എന്നത് ചരിത്ര വസ്തുതയാണ്. അയിത്തജാതിസമുദായങ്ങള്‍ക്ക് തിരുവിതാംകൂറില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉദ്യോഗവും നിഷേധിച്ചപ്പോള്‍ തിരുവിതാംകൂറിന് പുറത്ത് നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായിരുന്നു ഈഴവര്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിത സമുദായാംഗങ്ങള്‍ അക്കാലത്ത് വിദ്യാഭ്യാസം കരസ്ഥമാക്കി സമുദായിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത്. അങ്ങനെ അതിസാഹസികമായി വിദ്യാഭ്യാസം നേടിയവരൊക്കെയും അവരവരുടെ സമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചതിന്റെ പരിണതഫലമായാണ് കേരളത്തിലെ ദലിതേതര സാമുദായങ്ങള്‍ക്ക് വന്‍ കുതിച്ചുച്ചാട്ടങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. ദലിത് സമുദായം മാത്രമായിരുന്നു ഇതിനൊരു അപവാദമായി നിലനിന്നത്. മഹാത്മ അയ്യന്‍കാളി ഉള്‍പ്പെടെയുള്ള അധഃസ്ഥിത നവോഥാന ശില്പികള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമുദായത്തെ പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചെങ്കിലും ഇതര സമുദായങ്ങളെപ്പോലെ വിദ്യാഭ്യാസ രംഗത്ത് അത്യപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സവര്‍ണാധിപത്യം ദലിതരെ അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ പോലും സ്വസമുദായത്തില്‍ നിന്നും പത്ത് ബി. എ. ക്കാരെ കണ്ടിട്ട് മരിച്ചാല്‍ മതി എന്ന ആഗ്രഹമാണ് ആ മഹാത്മാവ് പ്രകടിപ്പിച്ചത്! തന്റെ സമുദായത്തിന് ഒരു വേള വിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും സമുദായത്തെ മുന്നോട്ട് നയിക്കുമെന്നും ഡോ. അംബേദ്ക്കറെപ്പോലെ ഒരു വേള മഹാത്മ അയ്യന്‍കാളിയും സ്വപ്നം കണ്ടിരുന്നു. ഇത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായിട്ടാണ് ആ മഹാത്മാവ് അടിത്തട്ടുകാരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ അയ്യന്‍കാളിയുഗത്തിന് ശേഷം രംഗപ്രവേശം ചെയ്ത വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ ദലിത്തലമുറ ആ മഹാത്മാവിന്റെ പ്രതീക്ഷകള്‍ക്ക് ഏല്പിച്ച മങ്ങല്‍ ഇന്നും മാഞ്ഞിട്ടില്ല. ഒരു കോടിയിലധികം വരുന്ന കേരളത്തിലെ പട്ടിണിപ്പാവങ്ങളും, ഭൂരഹിതരും, നിരക്ഷരരുമായ ദലിതരെ പ്രതിനിധീകരിച്ച് ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും കരസ്ഥമാക്കിയ ദലിതര്‍ തങ്ങളെ വളര്‍ത്തി സംരക്ഷിച്ചുപോരുന്ന സ്വസമുദായത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി എന്തു സംഭാവന നല്‍കി എന്നതിനെ സംബന്ധിച്ച് അത്യന്തം ഗൗരവത്തോടെ ആത്മനിരീക്ഷണം നടത്തേണ്ടതുണ്ട്.

ആരംഭം

തീഷ്ണമായ ഈ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സാമൂഹികബോധമുള്ള ഒരു കൂട്ടം ദലിത് ഉദ്യോഗസ്ഥര്‍ ദലിത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ദ്യോഗസ്ഥരുടെയും വിദ്യാസമ്പന്നരുടെയും പെന്‍ഷനേഴ്‌സിന്റെയും സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തിന്റെ ആവിഷ്‌കാരത്തെപ്പറ്റി ആഴത്തില്‍ ചിന്തിച്ചു തുടങ്ങിയത്. അതിന്റെ പരിണതഫലമാണ് ദലിത് എംപ്ലോയിസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്ന ഈ സ്വതന്ത്ര കൂട്ടായ്മ. ദലിത് സമുദായത്തിലെ’‘ക്രീമിലെയര്‍’ എന്നു വിശേഷിപ്പിക്കാവുന്ന ഉദ്യോഗസ്ഥരുടെയും വിദ്യാസമ്പന്നരുടെയും പെന്‍ഷനേഴ്‌സിന്റെയും ബൗദ്ധികവും സാമ്പത്തികവുമായ വിഭവശേഷിയെ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തുകവഴി സമുദായത്തെ വികസനത്തിന്റെ പുതിയൊരു പന്ഥാവിലേക്ക് നയിക്കുകയും അതിലൂടെ സാമുദായിക ശാക്തീകരണം യഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്ന ആശയമാണ് ഈ കൂട്ടായ്മ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ചുരുക്കത്തില്‍ “സ്വയാശ്രയവികസനത്തിലൂടെ സാമൂദായിക ശാക്തീകരണം”’എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടിയായിരിക്കും ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുക. സാക്ഷാത്ക്കരിക്കാന്‍ നമുക്കൊരു സ്വപ്നവും പൂര്‍ത്തീകരിക്കാന്‍ ഒരു ദൗത്യവുമു ണ്ടെന്ന് ഈ കൂട്ടായ്മ അടിയുറച്ച് വിശ്വസിക്കുന്നു. സ്വന്തമായി കൃഷിഭൂമിയോ ഇതര സാമ്പത്തികവിഭവങ്ങളോ ഇല്ലാത്ത ദലിത് സമുദായത്തിന് പുരോഗതിയാര്‍ജിക്കാനുള്ള പ്രധാന മാര്‍ഗം വിദ്യാഭ്യാസവും തൊഴില്‍-ഉദ്യോഗസുരക്ഷയുമാണെന്നും ഈ കൂട്ടായ്മ കരുതുന്നു. അതുകൊണ്ട് തന്നെ സമുദായത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും തൊഴില്‍സുരക്ഷയെപ്പറ്റിയും ബോധ്യപ്പെടുത്തേണ്ടതും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു പ്രാവര്‍ത്തികമാക്കേണ്ടതും സമുദായത്തിലെ വിദ്യാസമ്പന്നരുടെയും ഉദ്യോഗസ്ഥരുടെയും ധാര്‍മിക ഉത്തരവാദിത്തമാണെന്നും ഈ കൂട്ടായ്മ തിരിച്ചറിയുന്നു.

അംബേദ്ക്കറിസം

കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കും സാമുദായിക വിഭാഗീയതകള്‍ക്കും അതീതമായി ദലിത് സമുദായത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിയിലും സാമ്പത്തിക വികസനത്തിലും കേന്ദ്രീകൃതമായൊരു നയസമീപനവും കാര്യപരിപാടികളുമാണ് ദലിത് എംപ്ലോയിസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്നത്. അതേ സമയം ആശയധാരയായി അംബേദ്ക്കറിസത്തെ അടിസ്ഥാന പ്രത്യശാസ്ത്രമായി നിലനിര്‍ത്തിയും അംബേദ്ക്കറിസത്തെ ദലിത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ഇതര പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടുമായിരിക്കും അസോസിയേഷന്‍ അതിന്റെ പ്രവര്‍ത്തന മേഖലയെ വികസിപ്പിക്കുകയും വ്യാപിക്കുകയും ചെയ്യുക. അംബേദ്ക്കറിസം ഇന്ത്യന്‍ പരിവര്‍ത്തനത്തിന്റെ സമഗ്ര ദര്‍ശമാണെന്നും ഈ കൂട്ടായ്മ തിരിച്ചറിയുന്നു.

സര്‍വീസ് രംഗം

ദലിത് സമുദായത്തിന്റെ വിഭവശേഷിയെ സമാഹരിച്ചും വികസിപ്പിച്ചും ദലിത് സാമുദായിക ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തോടൊപ്പം സര്‍വീസ് രംഗത്ത് സമുദായാംഗങ്ങള്‍ നേടിരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ദലിത് ഉദ്യോഗസ്ഥര്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ദലിത് ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം നിലവിലുള്ള സര്‍വീസ് സംഘടനകളില്‍ അംഗങ്ങളാണെങ്കിലും ജാതിയുടെ പേരില്‍ ദലിതര്‍ക്ക് സര്‍വീസ് രംഗത്ത് വിവേചനം നേരിടേണ്ടിവന്നാല്‍ ഈ സംഘടനകള്‍ മൗനം പാലിക്കുകയാണ് പതിവ്. പ്രൊമോഷന്‍, സ്ഥലംമാറ്റം, ഇംക്രിമെന്റ് എന്നിവയുടെ ഗുണഭോക്താക്കള്‍ ദലിതരാണെങ്കില്‍ സര്‍വീസ് സംഘടനകള്‍ അവഗണിക്കും. നിയമനത്തിലെ സംവരണവ്യവസ്ഥാ ചട്ടങ്ങളുടെ പരിപാലനം, ദലിതരുടെ നേരിട്ടുള്ള നിയമനം, വകുപ്പ് മേലധികാരിയായുള്ള നിയമനം തുടങ്ങിയവയെയെല്ലാം ഒരു നിശബ്ദഗൂഢാലോചനയിലൂടെ ഈ സംഘടനകള്‍ എതിര്‍ത്തുതോല്പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. ചുരുക്കത്തില്‍ ദലിത് ഉദ്യോഗസ്ഥരുടെ അംഗത്വത്തിലും ധനസഹായത്തിലും മാത്രമാണ് കക്ഷിരാഷ്ട്രീയ ചിന്താഗതികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നിലവിലെ സര്‍വീസ് സംഘടനകള്‍ക്ക് താല്പര്യം. ദലിത് ഉദ്യോഗസ്ഥരുടെ സ്വതന്ത്രവും മൗലികവുമായ സംഘടിത മുന്നേറ്റങ്ങള്‍ക്കു മാത്രമേ സര്‍വീസ് രംഗത്ത് ദലിതര്‍ നേരിടുന്ന ഇത്തരം വെല്ലുവിളകളെ അതിജീവിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ നിന്നാണ് സര്‍വീസ് രംഗത്ത് ദലിതര്‍ നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും മനസ്സിലാക്കാനും അവയ്ക്കു പരിഹാരം കണ്ടെത്താനും ദലിത് എംപ്ലോയിസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാവുന്നത്.

സംവരണം എന്ന അധികാര പങ്കാളിത്തം

സംവരണത്തെ അനിവാര്യമായ അധികാര പങ്കാളിത്തമായാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. ആയതിനാല്‍ സംവരണത്തെപ്പറ്റി പ്രത്യേകിച്ചും, സര്‍വീസ് രംഗത്തെ സംവരണത്തെപ്പറ്റി ഏറ്റവും കൂടുതല്‍ ബോധവാന്മാരാകേണ്ടത് ദലിത് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സമ്പന്നരുമാണെന്ന് അസോസിയേഷന്‍ മനസിലാക്കുന്നു. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ സംവരണത്തിനു വേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത് സാധാരണക്കാരായ ദലിതരാണെങ്കിലും അതിന്റെ നേരിട്ടുള്ള ഗുണഭോക്താവ് താനാണെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ദലിത് ഉദ്യോഗസ്ഥ അഥവാ ഉദ്യോഗസ്ഥന്‍ സംവരണത്തെ സംബന്ധിച്ച അവബോധത്തെ വികസിപ്പിക്കേണ്ടത്. ഭരണനിര്‍വഹണത്തിലെ ജനസംഖ്യാനുപാതിക ദലിത് പ്രാതിനിധ്യത്തെപ്പറ്റിയും അതിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയുമെല്ലാം ദലിത് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിയമനത്തിലെ സംവരണ വ്യവസ്ഥകളെപ്പറ്റിയും അവ നേരിടുന്ന വെല്ലുവിളകളെപ്പറ്റിയും മറ്റാരെക്കാളും അറിഞ്ഞിരിക്കേണ്ടത് ദലിത് ഉദ്യോഗസ്ഥരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. മാത്രമല്ല സംവരണം പാലിക്കപ്പെടാത്ത സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളിലും ദലിത് ഉദ്യോഗസ്ഥര്‍ സജീവമായി ഇടപെടേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ദലിത് പ്രാതിനിധ്യത്തെപ്പറ്റി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതോടൊപ്പം ഭരണഘടനയിലെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെട്ടാല്‍ അതിനെ ചോദ്യം ചെയ്യാനും സമസ്ത മേഖലകളിലും സംവരണം വ്യാപിപ്പിക്കാനും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിച്ച് സാമൂഹിക നീതി കാത്തുസൂക്ഷിക്കാനും ദലിത് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ദലിത് പഠനങ്ങള്‍

ദലിതരുടെ വികസനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം ദലിത് ജീവിതാവസ്ഥയെ അടയാളപ്പെടുത്തുന്ന അടിസ്ഥാന വിവരങ്ങളുടെ അലഭ്യതയാണ്. ദലിത് പഠനസംഘങ്ങള്‍ രൂപപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ദലിതരുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെപ്പറ്റി നാളിതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമായിരിക്കെ ചരിത്രപരമായ ആ ദൗത്യം സമുദായത്തിലെ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും എറ്റെടുക്കേണ്ടതാണെന്ന് അസോസിയേഷന്‍ കരുതുന്നു. ദലിത് സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പഠനവിധേയമാക്കാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ള ആധുനിക മാധ്യമസംവിധാനങ്ങളിലൂടെയും മറ്റും അവ പ്രസിദ്ധീകരിക്കാനും അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു പഞ്ചായത്തിനെ അതുമല്ലെങ്കില്‍ ഒരു വാര്‍ഡിനെ ഒരു യൂണിറ്റായി പരിഗണിച്ച് ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാവുന്നതേയുളളു. പഠനവിധേയമാക്കുന്ന പ്രസ്തുത പഞ്ചായത്തിന്റെ അഥവാ വാര്‍ഡിന്റെ അടിസ്ഥാന വിവരങ്ങള്‍ (ഉദാ.ജനസംഖ്യ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കൈവശഭൂമിയുടെ വിതരണം, ആരോഗ്യം മുതലായവ) പഠന റിപ്പോര്‍ട്ടില്‍ ക്രോഡീകരിക്കപ്പെട്ടാല്‍ അതൊരു അടിസ്ഥാന രേഖയായി എക്കാലവും നിലനില്ക്കും എന്നതില്‍ സംശയമില്ല.

ഗ്രാമങ്ങളിലേക്ക്

വികസനത്തിന്റെയും പുരോഗതിയുടെയും യാതൊരു വെളിച്ചവും നാളിതുവരെ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിലെ ഗ്രാമങ്ങളിലേക്കും അസോസിയേഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കേണ്ടതുണ്ട്. ഗ്രാമങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ഥികളെ പ്രോത്സാഹനം നല്‍കി സഹായിക്കല്‍, നിര്‍ധനരെ സംരക്ഷിക്കല്‍, പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം നിര്‍മിച്ചു നല്‍കല്‍, പാഠശാലകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സാമ്പത്തിക പരാധീനതകള്‍ മൂലവും മോശമായ കുടുംബ പശ്ചാത്തലം മൂലവും വിദ്യാഭ്യാസം വഴിമുട്ടി നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ആവശ്യമായ സ്‌പോണ്‍സര്‍ഷിപ്പോടെ വിദ്യാലയങ്ങളില്‍ തിരിച്ചെത്തിക്കുന്നതുള്‍പ്പെടെ കോളനികളുടെ ദത്തെടുക്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന് നേതൃത്വം നല്‍കാവുന്നതാണ്.

വിദ്യാഭ്യാസ പരിശീലന സംരംഭങ്ങള്‍

ദലിത് സമുദായത്തെ ആശയപരമായി ആയുധമണിയിക്കാന്‍ കഴിയും വിധം അയോസിയേഷന്‍ ഒരു സമാന്തര സാമൂഹിക വിദ്യാഭ്യാസ പ്രസ്ഥാനമായി വികസിക്കണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കാലാകാലങ്ങളില്‍ സമുദായം നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളകളെയും തിരിച്ചറിയാനും സമുദായത്തിന്റെ പുരോഗതിക്കാവശ്യമായ ഘടകങ്ങളെ നിര്‍വചിക്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്തം ദലിത് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സമ്പന്നരും എറ്റെടുക്കേണ്ടതാണെന്ന് അസോസിയേഷന്‍ കരുതുന്നു. ഒപ്പം വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും ബോധവത്കരിക്കാനുളള ശ്രമങ്ങള്‍ക്കും അവരുടെ കലാ-സാഹിത്യവാസനകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും വേണം. എങ്ങനെ പഠിക്കണം? എന്തു പഠിക്കണം? എന്നെല്ലാം സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തണം. ഇതിനുവേണ്ടി പ്രതിഭാസംഗമങ്ങള്‍, കലാ-സാഹിത്യ ശില്പശാലകള്‍, പഠനക്കളരികള്‍, ഗൈഡന്‍സ് ക്യാമ്പുകള്‍, ശാസ്ത്രക്യാമ്പുകള്‍ തുടങ്ങിയവ പ്രാദേശികമായി സംഘടിപ്പിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ നേതൃത്വപരിശീലനത്തിനും വ്യക്തിത്വ വികസനത്തിനും ഇത്തരം പരിപാടികളില്‍ പ്രാധാന്യം നല്‍കിയാല്‍ ഭാവിയില്‍ സമുദായത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കാന്‍ കഴിവുള്ള ധിഷണാശാലികളുടെ ഒരു തലമുറയെത്തന്നെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയും. സമുദായത്തിലെ ദുര്‍ബലരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാഭ്യാസ സഹായനിധി സമാഹരിക്കേണ്ടതും അനിവാര്യമാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്‌പോണ്‍സര്‍ഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും ഏര്‍പ്പെടുത്തുകയുമാവാം.

തൊഴില്‍പരിശീലന സംരംഭങ്ങള്‍

സമുദായത്തിലെ വിദ്യാസമ്പന്നരും അഭ്യസ്തവിദ്യരുമായ യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ രംഗത്ത് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയം വിധം കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളായി അസോസിയേഷന്റെ കേന്ദ്രങ്ങള്‍ വികസിക്കേണ്ടതുണ്ട്. ഇതിനായി ജില്ലകള്‍തോറും പ്രൊഫഷണലുകളുടെ സഹായത്തോടെ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാവുന്നതാണ്. തൊഴില്‍ നേടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം സമുദായത്തിന്റെ വികസനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഉത്തരവാദിത്തബോധവും ഇത്തരം പരിശീലന ക്യാമ്പുകളിലൂടെ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തണം. ജില്ലകള്‍തോറും പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ കേന്ദ്രങ്ങള്‍ (അംബേദ്ക്കര്‍ സെന്റര്‍/ദലിത് സെന്റര്‍) ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാന്‍ തക്കവിധത്തില്‍ വിവരബോധന കേന്ദ്രങ്ങളായിപ്രവര്‍ത്തിക്കാനും ശ്രദ്ധിക്കണം. തൊഴില്‍ സംബന്ധിയും വിദ്യാഭ്യാസ സംബന്ധിയുമായ പ്രസിദ്ധീകരണങ്ങള്‍ അഥവാ വിവരങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കുകയും വേണം. തൊഴില്‍ പരിശീലന മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം യുവതീ യുവാക്കള്‍ക്കായി സ്വയാവബോധന-വ്യക്തിത്വവികസന ക്യാമ്പുകളും ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു സംഘടിപ്പിക്കാവുന്നതാണ്.

ഇത്തരത്തില്‍ ഘട്ടംഘട്ടമായി സാമൂഹികപുരോഗതിയും വികസനവും ലക്ഷ്യം വച്ചുള്ള സ്ഥാാപന വത്ക്കരണത്തിലേക്കും വ്യവസായവത്കരണത്തിലേക്കും അതിലൂടെ പുരോഗതിയിലേക്കും സമുദായത്തെ കൈപിടിച്ചുയര്‍ത്താനാകും. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്രമായ ശാക്തീകരണവും വികസനവും യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ എന്ന് അസോസിയേഷന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഇതിനുവേണ്ടിയുള്ളതാകട്ടെ മാതൃകാപരമായ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ധീരമായ ഈ ചുവടുവയ്പ്പില്‍ പങ്കുചേരാന്‍ താങ്കളെ സ്വാഗതം ചെയ്യുന്നു.

അഭിവാദനങ്ങളോടെ,
ദലിത് എഎപ്ലോയിസ് ആന്‍ഡ്
പെന്‍ഷനേഴ്‌സ് അയോസിയേഷന്‍
സംസ്ഥാന കൗണ്‍സില്‍, എച്ച് .ഒ. തൃശ്ശൂര്‍

Healping Experts

Depa State Council Members

General Secretary

General Secretary

Dt. Secretary Kozhikkode

State President